Latest Updates

കൊവിഡ്-19 വാക്സിന്റെ ആദ്യ ഷോട്ട് എടുത്ത 11 കോടി ആളുകള്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള അവസാനിച്ചിട്ടും രണ്ടാം ഡോസ് എടുക്കാന്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍  രേഖകളാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.   3.92 കോടിയിലധികം ഗുണഭോക്താക്കള്‍ അവരുടെ രണ്ടാമത്തെ ഡോസിന് ആറാഴ്ചയിലധികം കാലതാമസം വരുത്തിയിട്ടുണ്ട്. ഏകദേശം 1.57 കോടി പേര്‍ നാലോ ആറോ ആഴ്ച വരെ വൈകിയെന്നും 1.50 കോടിയിലധികം പേര്‍ അവരുടെ രണ്ടാമത്തെ ഡോസിന്  രണ്ടോ നാലോ ആഴ്ച വരെ മുടക്കം വരുത്തിയെന്നും  കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഷീല്‍ഡും കോവാക്‌സിനും എടുത്തവര്‍ ഈ കണക്കില്‍പ്പെടുന്നു.  കൂടാതെ, 3.38 കോടിയിലധികം ആളുകള്‍ രണ്ട് വാക്‌സിനും  എടുക്കുന്നതിന് രണ്ടാഴ്ച വരെ വൈകി. ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായും പ്രതിനിധികളുമായും നടത്തിയ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. രണ്ടാമത്തെ ഡോസിന്റെ കാലാവധി കഴിഞ്ഞ അത്തരം ഗുണഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍  ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കോവിഷീല്‍ഡിന് 12 ആഴ്ചയും കോവാക്സിന്‍ നാലാഴ്ചയുമാണ് ഒന്നും രണ്ടും ഡോസ് തമ്മിലുള്ള ഇടവേള. ഗുരുതരമായ COVID-19 അണുബാധയ്ക്കെതിരെയും ആശുപത്രിയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കുന്നതയിനും  രണ്ട് ഡോസുകളും ആവശ്യമാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ 49 ശതമാനം ഗുണഭോക്താക്കളും തങ്ങളുടെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ വൈകി. രണ്ട് ഡോസുകള്‍ക്കിടയിലുള്ള നിശ്ചിത ഇടവേള അവസാനിച്ചതിന് ശേഷവും രണ്ടാമത്തെ കുത്തിവയ്പ്പ് എടുക്കാത്ത ഗുണഭോക്താക്കള്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരവധി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice